സൗദി പൗരർക്ക് അമേരിക്കയിൽ പ്രത്യേക പദവിയുണ്ട് -ട്രംപ്
റിയാദ്: സൗദി പൗരർക്ക് തന്റെ രാജ്യത്ത് പ്രത്യേക പദവിയുണ്ടെന്നും മികച്ച നേതാക്കളാണ് സൗദിയുടേതെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ മിയാമിയിൽ ഫ്യൂചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. സൗദി സംഘടിപ്പിക്കുന്ന ഭാവിനിക്ഷേപക സംരംഭത്തിൽ പങ്കെടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. റഷ്യയുമായുള്ള അമേരിക്കൻ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിന് സൗദിക്ക്, പ്രത്യേകിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് നന്ദി പറയുന്നു. ചർച്ച നന്നായി നടന്നു. യുക്രെയ്ൻ പ്രസിഡന്റിന് വേണമെങ്കിൽ ചർച്ചയിൽ പങ്കെടുക്കാമായിരുന്നുവെന്നും ട്രാംപ് പറഞ്ഞു. ഉടൻ വെടിനിർത്തലുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾ മുൻകരുതലായി പെട്രോളിയം ശേഖരിക്കുന്നത് വേഗത്തിലാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാന്റെ മഹത്തായ ശ്രമങ്ങൾക്ക് നന്ദിയുണ്ട്. അദ്ദേഹം ഒരു മികച്ച വ്യക്തിയാണെന്നും പറഞ്ഞ ട്രംപ് അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദറിനെ അഭിനന്ദിക്കുകയും ചെയ്തു. ഫ്യൂചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് ഫൗണ്ടേഷന്റെ സ്ഥാപക പങ്കാളിയായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെയും ലോകമെമ്പാടുമുള്ള 30ലധികം തന്ത്രപ്രധാന പങ്കാളികളുടെയും പിന്തുണയോടെയാണ് മിയാമിയിൽ നിക്ഷേപ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ യു.എസിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസർ അൽ റുമയാൻ എന്നിവർ പങ്കെടുത്തു.