അനുവദിക്കാനാവില്ല നമ്മുടെ തീരത്തെ കൊള്ളയടിക്കാൻ

സമ്പൽ സമൃദ്ധമായ ധാതു സമ്പത്ത് നമ്മുടെ തീരങ്ങളുടെ വരദാനമാണ്. ഒറ്റയടിക്ക് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചു തന്ന അമൃതിനെ കവരാൻ ശ്രമിക്കുന്ന ഛിദ്രശക്തികളോട് കടൽ മക്കൾ പടപൊരുതുകയാണ്, ഇപ്പോഴുള്ളതും ഇനി വരാനിരിക്കുന്നതുമായ അനേകം തലമുറകൾക്ക് വേണ്ടി. യാതൊരു കൂടിയാലോചനകളുമില്ലാതെയാണ് കരിമണൽ ഖനനം കേന്ദ്ര സർക്കാർ സ്വകാര്യ കമ്പനികളെ ക്ഷണിച്ചത്. വിവിധ ട്രേയ്ഡ് യൂണിയനുകൾ, പരമ്പരാഗത തൊഴിലാളികൾ, മറ്റ് വിദഗ്ധന്മാർ എന്നിങ്ങനെ കടലിൻ്റെ മാറിനോട് ചേർന്ന് കിടക്കുന്ന നിരവധി പേർ ഉണ്ടായിട്ടും അവരോട് പേരിനുപോലും ഒരു അഭിപ്രായവും ചോദിക്കാതെയാണ് ബ്ലൂ ഇക്കണോമി വ്യവസ്ഥ ചെയ്തിരിക്കുന്നത്. കോവിഡ് കാലത്തെ സാഹചര്യം മുതലാക്കി ദക്ഷിണേന്ത്യൻ തീരങ്ങളിലെ കടൽ മണൽ, കരി മണൽ, അമൂല്യ ധാതു സമ്പത്ത് കൂത്തകകൾക്ക് കൈമാറാനാണ് നീല സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചത്.
പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും അനുബന്ധമായുമുള്ള ലക്ഷക്കണക്കിന് ജീവിതങ്ങളെ ബാധിക്കുന്നതാണ് വിഷയം. മത്സ്യബന്ധന പ്രദേശങ്ങളിൽ നിലവിൽ സുഗമമായി നടന്നു പോകുന്ന പൊതുമേഖല ഇടപെടലുകളെ ഒറ്റയടിക്ക് ഹൈജാക്ക് ചെയ്യാനുള്ള ഗൂഢനീക്കവും ഇതിൻ്റെ പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തരത്തിലൊരു ഖനനം നടന്നാൽ ആ സമൂഹം ഒന്നാകെ ഇല്ലാതെയാകും. കൂടാതെ വൻ പ്രകൃതിക്ഷോഭങ്ങൾ അടിക്കടി സംഭവിക്കുന്ന കേരളത്തിൻ്റെ കാലാവസ്ഥയെയും പരിസ്ഥിതിക സമ്പത്ത് വ്യവസ്ഥ പൂർണ്ണമായും തകർക്കും രാജ്യത്തെ കടൽ മണൽ ഖനനത്തിന് ടെൻഡർ ചെയ്യുന്ന കൊല്ലം പോലെ നല്ല തോതിൽ മത്സ്യലഭ്യതയുള്ള പ്രദേശങ്ങളും ആലപ്പുഴ , പൊന്നാനി, ചാവക്കാട് തുടങ്ങിയയിടങ്ങളും വിസ്മൃതിയിലാകും.
ധാതുസമ്പത്ത് ഉൾപ്പെടെയുള്ളവ വിദേശ കമ്പനികൾക്ക് കൈമാറുന്നതിന് സമുദ്ര തട്ടിലെ ധാതുസമ്പത്തിൻ്റെ വികസനവും നിയന്ത്രണ നിയമവും തടസ്സമായിരുന്നു. ഇതിനായി 2023-ൽ നിയമം ഭേദഗതി ചെയ്ത് ധാതുക്കൾ ഒഴികെയെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതി. വിവിധ തരം നിർമ്മാണാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന 74.5 കോടി ടൺ മണൽ കേരള തീരങ്ങളിലും പുറം കടലിലും ഉണ്ടെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്.
ഭാവി സാധ്യതകൾ കൂടി മുന്നിൽ കണ്ട് ഇത്തരം പ്രകൃതി വിഭവങ്ങളെ നേരായ മാർഗത്തിൽ ഉപയോഗിക്കാനുള്ള മനസ്സാണ് അധികാര വർഗത്തിനു വേണ്ടത്. പണത്തിനെക്കാൾ വലുതാണ് നാടും മനുഷ്യരുടെ ജീവനും. മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന ധർമ്മ സമരത്തിൽ കക്ഷി രാഷ്ട്രീയം മറന്നുള്ള പിന്തുണ പ്രതീക്ഷയാണ്. കണ്ണീര് തോരാത്ത തീരങ്ങളിൽ വറുതി കാലം കഴിഞ്ഞ് വിയർപ്പിൻ്റെ സ്നേഹത്തിൻ്റെ ഗന്ധമുള്ള ചാകര വരട്ടെ….