ദൈവത്തിന്റെ സ്വന്തം നാടിന് എന്ത് പറ്റി?

സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും ഭൂമികയായി പുകൾപെറ്റ മണ്ണാണ് കേരളം. സമീപനാളുകളായി കേട്ടുകൊണ്ടിരിക്കുന്നതും അറിഞ്ഞു കൊണ്ടിരിക്കുന്നതും ഭീകരവും ഭീതിതവും നെഞ്ച് തകർക്കുന്നതുമായി വിവരങ്ങളാണ്. ഇത്രമേൽ കാലുഷ്യമാർന്ന കാലം ഓർമകളില്ല. ദൈവത്തിൻ്റെ സ്വന്തം നാട് ഒരു പരസ്യ കമ്പനിയുടെ വാചകമായി ഉരുവം കൊണ്ടതാണെങ്കിൽ മലയാളത്തിന് ആ വിശേഷണം അർഹിക്കുന്ന അംഗീകാരമായി മാലോകർ കരുതുകയും വിശേഷിപ്പിച്ചു പോരുകയും ചെയ്തു വരുന്നു. എന്നാൽ, അടുത്ത കാലത്ത് നാട്ടിൽ അരങ്ങേറുന്ന സംഭവങ്ങൾ കാണുമ്പോൾ ഇത് ദൈവത്തിൻ്റെയാണോ ചെകുത്താന്റെയാണോ സ്വന്തം നാടെന്ന് ആശ്ചര്യപ്പെടേണ്ടി വരുന്നു.
ഒടുവിലത്തേതാണ് തിരുവനന്തപുരത്ത് ഉറ്റവരായ അഞ്ച് പേരെ നിഷ്കരുണം കൊലപ്പെടുത്തുക, നിർഭയമായി പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തുക, എന്താണിത്?.
ജീവിതത്തിൻ്റെ യഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടി മറ്റൊരു മായാലോകത്ത് അഭയം തേടുകയാണ് പുതിയ തലമുറ. കാലചക്രം തിരിയുന്തോറും അവരുടെ കണ്ണിൽ ഇരുട്ട് പടരുകയാണ്. ആ ഇരുട്ട് ലഹരിയുടെയാണ് ആഡംബര ജീവിതത്തിൻ്റേതാണ്. ഇതിനിടിയിൽ സ്വന്തം പൊക്കിൾ കൊടിപോലും കഠാരകൊണ്ട് അവർ അരിഞ്ഞു വീഴ്ത്തുന്നു. ആ ചോര തെറിച്ചു വീണത് വെറും നിലത്ത് അല്ല, സാംസ്കാരിക കേരളത്തിൻ്റെ മുഖത്താണ്. അഭിമാന നേട്ടങ്ങളുടെ പൊൻകീരിടം അണിയുന്ന പശ്ചിമഘട്ടത്തിനു താഴെ തൂശനില വിരിച്ചിട്ട് പോലെ കിടക്കുന്ന നമ്മുടെയെല്ലാം ജന്മനാടിൻ്റെ നെറുകയിൽ നിന്ന് നിലയ്ക്കാത്ത ഒഴുക്കുകയാണ് രക്തം. പുതുവർഷം പിറന്നത് തന്നെ പച്ച ജീവൻ കവർന്നെടുത്തതാണ്. സ്കൂൾ വിദ്യാർത്ഥികളാണ് ക്രൂരതയ്ക്ക് പിന്നിൽ ഉണ്ടായിരുന്നതെന്ന് കേൾക്കുമ്പോൾ നെഞ്ച് പിടിയുന്നു.
നാളെയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ജുവൈനൽ ഹോമിലെ തടവറയിലേക്ക് വലിച്ചെറിപ്പെടുന്നത്, അതിൻ്റെ ഞെട്ടൽ ഒഴിയുന്നതിനു മുമ്പെ യാണ് ജന്മം നൽകിയ തെറ്റിനുള്ള ശിക്ഷയായി മകൻ അമ്മയെ കഴുത്തറുത്ത് കൊന്നത്.
തീരാത്ത വേദനകളുടെ കണ്ണീരിൻ്റെ കാലടിപ്പാടുകൾ പതിഞ്ഞ ഇടവഴിയിലൂടെ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അഫ്സാൻ, പ്രിയപ്പെട്ടവരെയും ഹൃദയം തുറന്ന് സ്നേഹിച്ചവളെയടക്കം ആറ് പേരെ കഴിഞ്ഞ ദിവസം ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയത്. പ്രകൃതി ദുരന്തങ്ങളെയും ആരോഗ്യ പ്രതിസന്ധികളെയും സധൈര്യം ചങ്കുറ്റത്തോടെ നേരിട്ട് മലയാള മണ്ണിൻ്റെ കൂട്ടായ്മയുടെ ആത്മവിശ്വാസത്തിൻ്റെ കൊടും കോട്ടകൾ പോരാതെ വരുന്നു ഇതിനെ നേരിടാൻ. കോവിഡ് കാലത്തിനു ശേഷം വാക്കുകൾക്കതീതമായ തോതിൽ മാനസികാവസ്ഥയുടെ തകർച്ച വിദ്യാർത്ഥികളും യുവജനങ്ങളും പലയിടങ്ങളിൽ സാഹചര്യങ്ങളിൽ നേരിടുന്നുണ്ട്. അത്തരമാളുകളിലേക്ക് ലഹരി മാഫിയ രക്ഷാവേഷം ധരിച്ചെത്തി കെണിയിൽ ചാടിക്കുകയാണ്. ഇതിനെ കർശനമായി തടയിടണം. ആൻ്റി നാർക്കോട്ടിക് സെല്ലിൻ്റെ പ്രവർത്തനം സംസ്ഥാനത്ത് കാര്യക്ഷമമാക്കണം. 2011-ൽ നിലവിലുണ്ടായിരുന്നു സേഫ് ക്യാമ്പസ് പോലെയുള്ള പദ്ധതികളിലൂടെ അധ്യാപക-രക്ഷാകർത്താക്കൾ ജാഗ്രതയോടെ കാവൽ നിൽക്കണം. അരിയറ്റ് പോകാതിരിക്കട്ടെ തലമുറകൾ.