Podcasts

ആഗോള നിക്ഷേപക ഉച്ചകോടിക്ക് അഭിവാദ്യങ്ങൾപുത്തൻ വികസന കേരളത്തിനുള്ള ചുവടുവെയ്പാവട്ടെ

കൊച്ചിയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വ്യവസായരംഗത്തെ അതികായർ ഒത്തു ചേർന്നിരിക്കുകയാണ്. കേരളം അവർക്ക് ആതിഥ്യമരുളിയിരിക്കുന്നു. കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്കും വരും കാല പ്രതീക്ഷകൾക്ക്  ഊർജം പകരുന്ന ഇൻവെസ്റ്റ് കേരള ‘ആഗോള നിക്ഷേപക ഉച്ചകോടി. നാടിൻ്റെ വ്യവസായ പുരോഗതിക്ക് നിദാനമായത് പ്രവർത്തിക്കുന്നയിടങ്ങളിലെ ഗുണകരവും കാര്യക്ഷമവുമായ അടിസ്ഥാന സൗകര്യങ്ങളാണ്. കേരളം മാനവിഭവ ശേഷിയുടെ കാര്യത്തിലും വൈദ്യുതി, മികച്ച റോഡുകൾ, വിമാനത്താവളങ്ങൾ, തുറമുഖം, റെയിൽവേ, ഭവനങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ അഭിമാനകരമായ നേട്ടങ്ങൾ, പ്രകൃതി സൗന്ദര്യം, ജലലഭ്യത ഇവയെല്ലാം കൊണ്ട് വ്യവസായികളുടെ പ്രിയപ്പെട്ട ഇടമാണ്. ഹർത്താലുകൾ മറ്റ് പ്രതിഷേധ സമരങ്ങളും ഇല്ലാതെ ശാന്ത സുന്ദരമായ വ്യവസായിക സൗഹൃദാന്തരീക്ഷം നാട്ടിൽ
സംജാതമാണ്. ഭാവി തലമുറയ്ക്ക് സുരക്ഷിതമായ ജീവിതം നെയ്ത്തെടുക്കുന്നതിനു ആവശ്യമായ തൊഴിലാവസരങ്ങളും ജന്മനാട്ടിൽ തന്നെ ലഭിക്കുന്നു.
മാസങ്ങൾ നീണ്ട മുന്നൊരുക്കങ്ങൾക്കും കൂടിയാലോചനകൾക്കുമൊടുവിലാണ് ഉച്ചകോടി അരങ്ങേറ്റം കുറിക്കുന്നത്. പുതിയ കാലത്തിൻ്റെ വ്യവസായ സ്വപ്നങ്ങൾ ഇഴ കീറി ചർച്ച ചെയ്യുന്ന വിവാദ സെക്ഷനുകൾ മറ്റൊരു വ്യവസായ വിപ്ലവത്തിന് ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ വിത്തിടുമെന്ന് ഉറപ്പാണ്. സമീപകാലത്തായ വ്യവസായിക മേഖലയിൽ കേരളത്തിൽ നിന്ന് ലഭിക്കുന്ന പോസിറ്റീവ് വൈബ് അന്തർ ദേശീയ തലത്തിൽ ചർച്ച വിഷയമാണ്. പലപ്പോഴും അരാഷ്ട്രീയ വാദമുഖങ്ങൾ നിരത്തി ഈ നേട്ടങ്ങളുടെ ശോഭ കെടുത്താനുള്ള ആസൂത്രിതമായ ശ്രമങ്ങൾ ഉണ്ടാവുന്നത് ദേശവികാരങ്ങൾ എതിരാണ്.
അത്തരമാളുകൾ ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം ഉൾപ്പെടെയുള്ള വസ്തുതകൾ രാഷ്ട്രീയ തിമിരത്തിന് ചികിൽസ നടത്തി കണ്ണ് തുറന്ന് കാണുക തന്നെ വേണം. പുത്തൻ തലമുറയുടെ  ആശയങ്ങളനുസരിച്ച് സ്റ്റാർട്ട് അപ്പ് കമ്പനികൾ തുടങ്ങാൻ  ചെറിയ പലിശയ്ക്ക് വായ്പകൾ, വിവിധ തരം സബ്സിഡികൾ തുടങ്ങിയവയുമായി സർക്കാർ ഒപ്പം നിൽക്കുന്നതും ഏറെ സന്തോഷമുളവാക്കുന്നു. അഭിമാന സ്തംഭങ്ങളായ ടെക്നോപാർക്കിലും ഇൻഫോ പാർക്കിലും വൻകിട ഐടി കമ്പനികൾ സ്ഥാപനങ്ങൾ ആരംഭിച്ചു. ചുവപ്പു നാട് കുരുക്കുകളിൽ ശ്വാസം മുട്ടി വഴിയടിഞ്ഞ ജീവിതങ്ങൾക്ക് മുന്നിൽ  തിരുത്തലിൻ്റെയും മാറ്റത്തിൻ്റെയും സുവർണ്ണ കാലത്തെ സാദരം സമർപ്പിക്കാം.
26 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളടക്കം 3000 പേരാണ് ഉച്ചകോടിയുടെ ഭാഗമാകുന്നത്. ഓസ്ട്രേലിയ, നോർവേ, വിയറ്റ്നാം, മലേഷ്യ,.ബഹറിൻ, നോർവേ എന്നിവയെല്ലാം ഇതിൽ പങ്കാളികളാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസത്തിനപ്പുറത്ത് കേരളത്തിന് ഒരു ഏകോദര മനസ് എന്നുമുണ്ട്. കേരളത്തിന്റെ ആവശ്യത്തിലെ പൊതുനിലപാടിന് രാഷ്ട്രീയം പറഞ്ഞ് ആരും മാറി നിൽക്കാറില്ല. കേരളം മുഖഛായ മാറ്റാൻ ചുവടുവെക്കുന്ന ആഗോള ‘വ്യവസായ ഉച്ചകോടിയിൽ മുഖ്യമന്ത്രിക്കൊപ്പം അതേ മനസോടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കെടുത്തത്. സംസ്ഥാനത്ത് വ്യവസായത്തിനുള്ള അനുമതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്കൊപ്പമാണ് വ്യവസായ മുന്നേറ്റത്തിന് സർക്കാരിനൊപ്പം എല്ലാ പിന്തുണയുമുണ്ടാകുമെന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകളും പ്രസക്തം. കേന്ദ്രമന്ത്രിമാരായ നിഥിൻ ഗഡ്കരിയും പിയൂഷ് ഗോയലും കേരളത്തിന്റെ വർത്തമാനകാല സാഹചര്യത്തെ, വ്യവസായ സൗഹൃദ അന്തരീക്ഷത്തെ, മാറിയ കേരളത്തിന് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തി കൊടുത്ത് നിക്ഷേപത്തിനായി ആഹ്വാനം ചെയ്തതും നിസാരമല്ല. കേരളം മാറുകയാണെന്ന് ഏറെനാളായി തന്നെ രാജ്യത്തെയും അന്തരാഷ്ട്ര രംഗത്തെയും ഏജൻസികൾ പലകുറിയായി പറഞ്ഞുവെക്കുന്നുണ്ട്. അത് മതിയാവില്ല, ഏറെ മുന്നേറാനുണ്ട് കേരളത്തിന്. പുത്തൻമുഖത്തിലേക്കുള്ള കേരളത്തിന്റെ കുതിപ്പിലേക്കുള്ള ചുവട്  വെയ്പാവട്ടെ രണ്ട് ദിവസത്തിലായി നടക്കുന്ന ആഗോള വ്യവസായ നിക്ഷേപക ഉച്ചകോടി.  

Leave a Reply

Your email address will not be published. Required fields are marked *