തമിഴ്നാട്ടിൽ മറ്റൊരു ഭാഷായുദ്ധം ഉണ്ടാക്കരുത് കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഉദയനിധി സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിൽ മറ്റൊരു ഭാഷായുദ്ധം ഉണ്ടാക്കരുതെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ, ആയിരക്കണക്കിന് തമിഴർ തമിഴ് ഭാഷക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിലോ അവരുടെ ഭാവിയിലോ രാഷ്ട്രീയം കാണരുത്. വിദ്യാഭ്യാസത്തിനുള്ള ഫണ്ട് കേന്ദ്ര സർക്കാർ ഉടൻ അനുവദിക്കണമെന്നും ഉദയനിധി ആവശ്യപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയം, ഹിന്ദി അടിച്ചേൽപ്പിക്കൽ എന്നിവക്കെതിരെ ഡി.എം.കെ ചെന്നൈയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് കേന്ദ്ര സർക്കാറിനെതിരെ ഉദയനിധിയുടെ വിമർശനം. ‘തമിഴ്‌നാട് ത്രിഭാഷാ നയം അംഗീകരിച്ചാൽ മാത്രമേ ഫണ്ട് നൽകൂവെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞത്. ഞങ്ങളുടെ അച്ഛന്‍റെ പണമല്ല ചോദിച്ചത്, ഞങ്ങൾക്ക് അവകാശപ്പെട്ട നികുതി പണമാണ് ആവശ്യപ്പെട്ടത്. തമിഴ്നാട് ഒരു ദ്രാവിഡ നാടാണ്, പെരിയാറിന്‍റെ നാടാണ്, തമിഴ്നാട് ആത്മാഭിമാനമുള്ള നാടാണ്. ഞങ്ങളെ ഭീഷണിപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ (ബി.ജെ.പി) കരുതുന്നുണ്ടോ?. അത് ഒരിക്കലും തമിഴ്‌നാട്ടിൽ നടക്കില്ല. കഴിഞ്ഞ തവണ തമിഴ് ജനതയുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിച്ചപ്പോൾ അവർ ‘ഗോ ബാക്ക് മോദി’ കാമ്പയിൻ തുടങ്ങി. വീണ്ടും അത്തരത്തിൽ ശ്രമിച്ചാൽ നിങ്ങളെ (പ്രധാനമന്ത്രിയെ) തിരിച്ചയക്കാൻ ‘ഗെറ്റ് ഔട്ട് മോദി’ പ്രക്ഷോഭം ആരംഭിക്കു’മെന്ന് ഉദയനിധി സ്റ്റാലിൻ ചൂണ്ടിക്കാട്ടി. 2025ലെ കേന്ദ്ര ബജറ്റിൽ എല്ലാ സംസ്ഥാനങ്ങൾക്കുമായി പങ്കിടേണ്ട ഫണ്ട് ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് നൽകുകയും തമിഴ്നാടിനെ പൂർണമായും അവഗണിക്കുകയും ചെയ്തു. വിദ്യാർഥികളുടെ ക്ഷേമത്തിനുള്ള ഫണ്ട് കേന്ദ്ര സർക്കാർ അനുവദിക്കണം. ഫണ്ടിന്‍റെ പേരിൽ തമിഴ്‌നാട്ടിലെ കുട്ടികളുടെ പഠനം ബാധിക്കരുത്. ഞങ്ങൾ ഭരണഘടനയെയും ജനാധിപത്യത്തെയും ബഹുമാനിക്കുകയും ജനാധിപത്യപരമായി ശബ്ദമുയർത്തുകയും ചെയ്യുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സർക്കാറിന്‍റെ ചെവികൾ നമ്മുടെ ശബ്ദം കേൾക്കേണ്ടതുണ്ട്. അവർ നമ്മുടെ അവകാശങ്ങളെ മാനിക്കണം. അല്ലെങ്കിൽ മറ്റൊരു ഭാഷായുദ്ധത്തിന് ഞങ്ങൾ (തമിഴ്നാട്) മടിക്കില്ല. സ്നേഹത്തെ വിലമതിക്കുന്നവരും ഭയപ്പെടലിന് ഒരിക്കലും കീഴടങ്ങാത്തവരുമാണ് തമിഴർ എന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.