വിവരാവകാശ നിയമം ശക്തമാക്കുന്നുനിയമം പാലിക്കാത്ത ഓഫീസുകളിലെ ഓഫീസ് മേധാവിയും കുറ്റക്കാരനാവും
കോഴിക്കോട്: വിവരാവകാശ നിയമം കൂടുതല്‍ ശക്തമാക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ. ഇതിന്റെ ഭാഗമായി രണ്ടുതരം നടപടികളിലേക്ക് കടക്കുകയാണെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ എ അബ്ദുല്‍ ഹക്കീം പറഞ്ഞു. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ നാല് പ്രകാരം സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ വെളിപ്പെടുത്താത്ത ഓഫീസുകളിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ കൂടാതെ ഓഫീസ് മേധാവിയെകൂടി കുറ്റക്കാരനായി കണ്ട് നടപടി സ്വീകരിക്കും.
സെക്ഷന്‍ നാലില്‍ പറയുന്ന 17 ഇനം വിവരങ്ങള്‍ എല്ലാ ഓഫീസ് മേധാവികളും മുന്‍കൈയ്യെടുത്ത് എസ്.പി.ഐ.ഒ മാരിലൂടെ സൈറ്റില്‍ ലഭ്യമാക്കേണ്ടതാണ്. വീഴ്ച വരുത്തിയാല്‍ ഓഫീസ് മേധാവിക്കും ബന്ധപ്പെട്ട ഓഫീസിനുമെതിരെ നടപടിയെടുക്കും. ഇക്കാര്യം ഉറപ്പുവരുത്താന്‍ ഓഫീസുകളില്‍ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏതുസമയത്തും വിവരാവകാശ കമ്മീഷന്‍ പരിശോധന പ്രതീക്ഷിക്കാമെന്നും കമ്മീഷണർ പറഞ്ഞു. പൗരാവകാശരേഖ പുതുക്കാത്ത ഓഫീസുകള്‍ എത്രയും വേഗം ആ ജോലി നിര്‍വഹിച്ചു സൈറ്റില്‍ പ്രസിദ്ധീകരിക്കണം. രണ്ടാമത്തെ നടപടി വിവരാവകാശ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മാനവശേഷിയും ഓഫീസുകളുടെയും വിഭവ ശേഷിയും ദുരുപയോഗം ചെയ്യുന്ന അപേക്ഷകര്‍ക്കെതിരെയാണ്. ഒരേ ആവശ്യമുന്നയിച്ച് പലതവണ അപേക്ഷ നല്‍കുക, ഒരേ ഓഫീസില്‍ അപ്രസക്തമായ അപേക്ഷ നിരന്തരം സമര്‍പ്പിക്കുക, കുത്തി നിറയ്ക്കപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷകള്‍ സമര്‍പ്പിക്കുക തുടങ്ങിയവയിലൂടെ സര്‍ക്കാര്‍ ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതും ഉദ്യോഗസ്ഥരെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നതുമായ അപേക്ഷകരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും ഇത്തരത്തില്‍ സംസ്ഥാനത്ത് രണ്ടുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും കമ്മീഷന്‍ പറഞ്ഞു.