ജഡ്ജിമാർക്ക് എതിരായ പരാതികൾ പരിഗണിക്കാൻ അധികാരംലോക്‌പാൽ വിധിക്ക് സുപ്രീം കോടതി സ്റ്റേ
ന്യൂഡൽഹി: ഹൈക്കോടതി ജഡ്‌ജിമാർക്ക് എതിരായ പരാതികൾ പരിഗണിക്കാൻ ലോക്‌പാലിന് അധികാരം ഉണ്ടെന്ന ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തു. ലോക്പാൽ ഉത്തരവ് അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ലോക്പാൽ വിധിക്ക് എതിരെ സ്വമേധയാ എടുത്ത കേസിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.
ഹൈക്കോടതി ജഡ്‌ജിമാർക്ക് എതിരായ പരാതി പരിഗണിക്കാൻ തങ്ങൾക്ക് അധികാരം ഉണ്ടെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ലോക്പാലിന്റെ ഫുൾ ബെഞ്ച് ജനുവരിയിൽ ഉത്തരവ് ഇറക്കിയിരുന്നു. ഹൈക്കോടതി ജഡ്‌ജിമാർ പൊതു പ്രവർത്തകർ എന്ന നിർവചനത്തിന്റെ പരിധിയിൽ വരുമെന്നും, അതിനാൽ 2013 ലോക്‌പാൽ, ലോകായുക്ത നിയമത്തിന്റെ അടിസ്ഥാനത്തിൽ ജഡ്‌ജിമാർക്ക് എതിരായ പരാതികൾ പരിഗണിക്കാൻ അധികാരം ഉണ്ടെന്നും ആയിരുന്നു ലോക്‌പാൽ വിധി.
ഒരു സിറ്റിംഗ് ഹൈക്കോടതി ജഡ്ജിക്കെതിരായ പരാതി പരിഗണിക്കവെയാണ് ലോക്‌പാൽ ഉത്തരവ്. ഹൈക്കോടതി ജഡ്‌ജി സിവിൽ കേസിൽ സ്വകാര്യ വ്യക്തിക്ക് അനുകൂലമായ ഉത്തരവ് ലഭിക്കാൻ അഡീഷണൽ ജില്ലാ ജഡ്‌ജിയെയും, മറ്റൊരു ഹൈക്കോടതി ജഡ്‌ജിയെയും സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ആരോപണ വിധേയനായ ജഡ്‌ജിയുടെ പേര് പരസ്യപ്പെടുത്തരുത് എന്നും സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് മാരായ ബി.ആർ ഗവായ്, സൂര്യ കാന്ത്, അഭയ് എസ്. ഓക എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് ലോക്‌പാൽ ഉത്തരവ് സ്റ്റേ ചെയ്തത്. കേസ് ഹോളി അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി.